മനാമ: ജിദ് അല്‍ ഹജില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലൈസന്‍സില്ലാത്ത വീട്ടില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ പരിശോധന. പരിശോധനയില്‍ തൊഴിലാളികള്‍ അപകടകരവുമായ സാഹചര്യങ്ങളില്‍ താമസിക്കുന്നതായി കണ്ടെത്തി. വീട് ജീര്‍ണിച്ച നിലയിലാണ്.
ഈ വീട് തൊഴിലാളികളെ താമസിപ്പിക്കാന്‍ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ താമസക്കാര്‍ ഒപ്പിട്ട ഒരു നിവേദനം നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. സ്ത്രീകള്‍ മതകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു ഹാളിന് സമീപത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരിശോധനകള്‍ക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സയ്യിദ് ഷുബ്ബാര്‍ അല്‍ വദായി നേതൃത്വം നല്‍കി.
നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്, നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി, സിവില്‍ ഡിഫന്‍സ്, റീജ്യണല്‍ പോലീസ്, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഇഡബ്ല്യുഎ), സുപ്രീം കൗണ്‍സില്‍ ഫോര്‍ ദി എന്‍വയോണ്‍മെന്റ്, ജിദ് അല്‍ ഹജ് ചാരിറ്റി സൊസൈറ്റി എന്നിവയും പരിശോധനയുടെ ഭാഗമായി.
തകര്‍ന്ന മതിലുകള്‍, ട്രെയിലിംഗ് കേബിളുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, അടിസ്ഥാന സുരക്ഷാ-ശുചിത്വ നിയമങ്ങള്‍ പാലിക്കാത്ത താല്‍ക്കാലിക അടുക്കള എന്നിവയാണ് വീടിനകത്ത് ഉണ്ടായിരുന്നത്. അനധികൃത പാര്‍ട്ടീഷനുകള്‍, ശുചിത്വമില്ലായ്മ, മലിനീകരണം എന്നിവ ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ നിയമങ്ങളുടെ ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.