മനാമ: 20 വര്‍ഷത്തിലേറെയായി സാധുവായ രേഖകളിലാതെ ബഹ്റൈനില്‍ കുടുങ്ങിക്കിടന്ന ശ്രീലങ്കന്‍ പൗരയേയും മകനേയും നാട്ടിലേക്ക് തിരിച്ചയച്ചു. ശ്രീലങ്കന്‍ എംബസി, ബഹ്റൈന്‍ ഇമിഗ്രേഷന്‍ അധികൃതര്‍, സല്‍മാനിയ മെഡിക്കല്‍ സ്റ്റാഫ്, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാണ് 47 കാരിയായ കദീജ അസ്ലമും മകന്‍ റഫീക്ക് കത്തീദ് മുഹമ്മദും നാട്ടിലേയ്ക്ക് യാത്രയായത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കദീജയെ ജനുവരിയില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചിരുന്നു. 2007 ല്‍ ഇതേ ആശുപത്രിയില്‍ ജനിച്ച മകന്‍ റഫീക്കിന് ജനന സര്‍ട്ടിഫിക്കറ്റോ പാസ്പോര്‍ട്ടോ ഉണ്ടായിരുന്നില്ല.
റഫീക്കിന്റെ ജനനത്തിന് തൊട്ടുപിന്നാലെ കദീജയെ പങ്കാളി ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഇവര്‍ കടുത്ത ദുരിതത്തിലായിരുന്നു ജീവിച്ചിരുന്നത്. വര്‍ഷങ്ങളോളം അപ്പീലുകള്‍ നല്‍കിയിട്ടും രേഖകള്‍ ലഭിച്ചിരുന്നില്ല. ഒടുവില്‍ പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍, ഹോപ്പ് ടീം, ഡിസ്‌കവര്‍ ഇസ്ലാം എന്നിവരുടെ സഹായത്തോടെ പ്രധാന രേഖകള്‍ ലഭ്യമായി. സല്‍മാനിയ ആശുപത്രി റഫീക്കിന്റെ ജനന സര്‍ട്ടിഫിക്കറ്റും നല്‍കി. തുടര്‍ന്ന് എംബസി യാത്രാ രേഖകള്‍ നല്‍കുകയായിരുന്നു.
വ്യാഴാഴ്ച ഗള്‍ഫ് എയര്‍ വഴി അമ്മയെയും മകനെയും കൊളംബോയിലേക്ക് കൊണ്ടുപോയി. കദീജയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മെഡിക്കല്‍ എസ്‌കോര്‍ട്ടും ഇവരോടൊപ്പം ഉണ്ടായിരുന്നു.