മനാമ: പതിവായി ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. ഷിപ്പിങ് കമ്പനികളുടെ പേരില്‍ വരുന്ന സന്ദേശങ്ങളെക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് സംഘടിത കുറ്റകൃത്യ നിരീക്ഷണ മേധാവി മേജര്‍ ഫാത്തിമ അല്‍ ദോസറിയുടെ മുന്നറിയിപ്പിലുള്ളത്.
ഹാക്കര്‍മാര്‍ ഷിപ്പിങ് കമ്പനികളെന്ന വ്യാജേന ലിങ്കുകള്‍ അയച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടേക്കാം.
ആമസോണ്‍ പോലുള്ള ജനപ്രിയ വെബ്സൈറ്റുകളില്‍ നിന്ന് പാക്കേജുകള്‍ ഓര്‍ഡര്‍ ചെയ്ത ചിലരുടെ ഫോണുകളിലേക്ക് അവരുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ അവരുടെ പാക്കേജ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും മേജര്‍ ഫാത്തിമ അല്‍ ദോസറി പറഞ്ഞു.