മനാമ: 2024-2025 കാലയളവിലെ ക്രൂയിസ് സീസണ്‍ വിജയകരമായി അവസാനിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു. 2024 നവംബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ നീണ്ടുനിന്ന സീസണില്‍ ലോകമെമ്പാടുമുള്ള 140,100 വിനോദസഞ്ചാരികളാണ് ബഹ്‌റൈനിലെത്തിയത്.
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 15% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആകെ 40 ക്രൂയിസ് ഷിപ്പുകളാണ് ബഹ്‌റൈനിലെത്തിയത്. അതോടൊപ്പം രാജ്യത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച സന്ദര്‍ശകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി.
ഈ സീസണ്‍ സാമ്പത്തികമേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയതായും റീട്ടെയില്‍, ഗതാഗതം, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ പിന്തുണച്ചതായും ബിടിഇഎ പ്രോജക്ട്‌സ് ആന്‍ഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സിഇഒ ഡാന ഒസാമ അല്‍ സാദ് പറഞ്ഞു. 2025-2026 വര്‍ഷത്തെ ക്രൂയിസ് സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ചതായും അവര്‍ പറഞ്ഞു.
അടുത്തിടെ അമേരിക്കയിലെ മിയാമിയില്‍ നടന്ന സീട്രേഡ് ക്രൂയിസ് ഗ്ലോബല്‍ എക്‌സിബിഷനില്‍ ക്രൂയിസ് അറേബ്യ സഖ്യത്തിന്റെ ഭാഗമായി ബിടിഇഎയും പങ്കെടുത്തിരുന്നു. എക്‌സിബിഷനില്‍ രാജ്യത്തെ ക്രൂയിസ് കപ്പല്‍ സ്റ്റോപ്പ് ഓവറുകള്‍ മൂന്ന് ദിവസം വരെ നീട്ടാനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.