മനാമ: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) അന്തരിച്ചു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ അദ്ദേഹം അല്‍പനേരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു.
ലോകത്താകമാനം മാനവികതയുടെ സന്ദേശം ഉയര്‍ത്തിയ മാര്‍പ്പാപ്പ 2022ല്‍ ബഹ്റൈനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നാലു ദിവസം നീണ്ട സന്ദര്‍ശനത്തിലുടനീളം മാര്‍പാപ്പ സംസാരിച്ചത് സാഹോദര്യത്തെ കുറിച്ചും പരസ്പരം സ്‌നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമായിരുന്നു.
ചരിത്രത്തില്‍ ആദ്യമായി ബഹ്‌റൈനിലേക്കെത്തിയ മാര്‍പാപ്പയ്ക്ക് ഉജ്വല സ്വീകരണമായിരുന്നു ഒരുക്കിയത്. സഖീര്‍ കൊട്ടാരത്തില്‍ ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചയായിരുന്നു മാര്‍പാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി. കിഴക്കും പടിഞ്ഞാറും മനുഷ്യന്റെ നിലനില്‍പിന് എന്ന പേരില്‍ ബഹ്‌റൈന്‍ സംഘടിപ്പിച്ച ലോകമതസമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചതും സഹവര്‍ത്തിത്വത്തെ കുറിച്ചായിരുന്നു.
ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയത് മുപ്പതിനായിരത്തോളം പേരാണ്. എല്ലാവരെയും എപ്പോഴും സ്‌നേഹിക്കാനായിരുന്നു കുര്‍ബാനയില്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. നാലു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ മാര്‍പാപ്പയെ യാത്രയാക്കാന്‍ ഹമദ് രാജാവ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തുകയും ചെയ്തിരുന്നു.
1936 ഡിസംബര്‍ 17ന് അര്‍ജനന്റീനയിലെ ബ്യൂണസ് ഐറിസില്‍ റെയില്‍വേ തൊഴിലാളിയുടെ മകനായാണ് ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ജനിച്ചത്. 56 വര്‍ഷം മുമ്പ് വൈദികനായ അദ്ദേഹം 2001ല്‍ കര്‍ദിനാളായി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ രാജി പ്രഖ്യാപനത്തെത്തുടര്‍ന്ന് ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന അദ്ദേഹം 2013 മാര്‍ച്ച് 13ന് 266-ാമത്തെ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമായിരുന്നു അദ്ദേഹം.