മനാമ: മാനവികതയിലും യേശുക്രിസ്തുവിന്റെ ദര്‍ശനങ്ങളുടെ കാതലായ മനുഷ്യസ്നേഹത്തിലും പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ക്ക് വലിയ ആഘാതമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗമെന്ന് ബഹ്റൈന്‍ പ്രതിഭ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. നിന്ദിതരുടെയും പീഡിതരുടെയും പക്ഷം ചേരലാണ് ക്രിസ്തുവിന്റെ വഴിയെന്ന് വാക്കിലും പ്രവര്‍ത്തിയിലും ഉറച്ചുവിശ്വസിച്ച മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവര്‍ മാത്രമല്ല ലോക ജനതയാകമാനം തന്നെ ഭക്ത്യാദരവോടുകൂടി നോക്കികണ്ട മഹാപുരുഷനാണ് മാര്‍പാപ്പ.
ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നുവെന്നും ആ പതാക കമ്യൂണിസ്റ്റുകാര്‍ കവര്‍ന്നെടുത്തുവെന്നും മാര്‍പാപ്പ തന്റെ ആത്മകഥയില്‍ എഴുതിയതിലൂടെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നു. ‘ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം’ സ്നേഹത്തിന്റെ പാപ്പ എന്നറിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാനത്തെ സന്ദേശത്തിലെ വാക്കുകളാണിത്. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ഈസ്റ്റര്‍ദിന സന്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്.
ദി കത്തീടറല്‍ ഓഫ് ഔര്‍ ലേഡി ഓഫ് അറേബ്യ- വിശ്വ മാനവികതയുടെ പ്രകാശ ഗോപുരമായി പവിഴ ദ്വീപില്‍ തിളങ്ങി നില്‍ക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിനായി 2022 ല്‍ ബഹ്റൈനില്‍ മാര്‍പാപ്പ വന്നത് അറേബ്യന്‍ നാടുകളിലെ പ്രവാസി സമൂഹത്തിനാകെ സന്തോഷകരമായ അനുഭവമായിരുന്നു. മതസൗഹാര്‍ദ്ദത്തിനും ആഗോള ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഒരു വൈദികനെയാണ് പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗത്തോടെ ലോകത്തിന് നഷ്ടമായത്. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന വിശ്വാസ സമൂഹത്തിനും ഒപ്പം ലോകമാകെ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ ബഹ്റൈന്‍ പ്രതിഭയും പങ്കുചേരുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.