മനാമ: ബഹ്‌റൈനില്‍ നിന്നും ജൂണ്‍ 15 മുതല്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സെപ്തംബര്‍ 20 വരെയാണ് സര്‍വീസുകള്‍ ഉണ്ടാവുക. രാത്രി 10.20ന് ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേയ്ക്കും വൈകിട്ട് 7.30ന് കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലെയ്ക്കും എല്ലാ ദിവസവും ഒരോ സര്‍വീസ് വീതമുണ്ടാകും.
സ്‌കൂള്‍ അവധി, ബലി പെരുന്നാള്‍ പ്രമാണിച്ച് പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് ഉപകാര പ്രദമാകുമെന്നാണ് വിലയിരുത്തല്‍. ബഹ്റൈനില്‍ നിന്നും സര്‍വീസ് നടത്തുന്നത് മറ്റ് എയര്‍ലൈനുകള്‍ ഇടയ്ക്കിടെ നിര്‍ത്തിവെക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് ഇതിനൊരു ആശ്വാസം നല്‍കിയിരിക്കുകയാണ്.
നേരത്തെ, കരിപ്പൂരേക്കുള്ള സര്‍വീസ് ഗള്‍ഫ് എയര്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്കുള്ള സര്‍വീസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു. തിരുവനന്തരപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.