മനാമ: ബഹ്‌റൈനില്‍ നടന്ന ഈ വര്‍ഷത്തെ ‘സ്‌ട്രോങ്ങസ്റ്റ് മാന്‍’ ചാമ്പ്യന്‍ഷിപ് സമാപിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനും ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ അവന്യൂസ് മാളിന് എതിര്‍വശത്തുള്ള ഔട്ട്‌ഡോര്‍ അരീനയിലായിരുന്നു ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്.
വിജയികള്‍ക്കുള്ള സമ്മാന ദാനം ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ നിര്‍വഹിച്ചു. ജിസിസിയിലെ സ്‌ട്രോങ്ങസ്റ്റ് മാന്‍ വിഭാഗത്തില്‍ (ഹെവിവെയ്റ്റ് വിഭാഗം) ക്രിസ്റ്റഫര്‍ ഒകെച്ച് ഒന്നാം സ്ഥാനവും മുര്‍ത്തദ സയ്യിദ് ഖലീല്‍ രണ്ടാം സ്ഥാനവും ഇമാദ് ഹുസൈന്‍ അല്‍ ഖഫാസ് മൂന്നാം സ്ഥാനവും നേടി.
മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഇസ ആരിഫ് റഷ്ദാന്‍ ഒന്നാം സ്ഥാനവും അബ്ദുല്‍റഹ്‌മാന്‍ താരിഖ് രണ്ടാം സ്ഥാനവും ക്രിസ്റ്റഫര്‍ ബൈര്‍ണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ലൈറ്റ്വെയ്റ്റ് വിഭാഗത്തില്‍ സമീര്‍ മുഹമ്മദ് അബുബക്കര്‍, ഒമര്‍ അല്‍ കൂഹെജി, ഷുബ്ബാര്‍ അബ്ദുല്ല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കാരി&ലോഡ്, എക്സ്എല്‍ ബാര്‍ ഡെഡ്‌ലിഫ്റ്റ്, വൈക്കിങ് പ്രസ്, വീല്‍ ഓഫ് പെയിന്‍, ആം ഓവര്‍ ആം പുള്‍, ഹെര്‍ക്കുലീസ് ഹോള്‍ഡ്, പവര്‍ സ്റ്റെയേഴ്സ് എന്നിവയായിരുന്നു പ്രധാന മത്സരങ്ങള്‍. ഓരോ മത്സരവും അത്‌ലീറ്റുകളുടെ ശക്തി, സഹിഷ്ണുത, ദൃഢനിശ്ചയം എന്നിവ പരീക്ഷിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരുന്നത്.