‘അടുത്തിരുത്തി, എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു’; ഫ്രാന്‍സിസ് മാര്‍പ്പയുടെ അനുഗ്രഹം ലഭിച്ച പ്രവാസി മലയാളി

Untitled-1

ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംഭോദന ചെയ്ത് പോപ് ഫ്രാന്‍സിസ് ആവര്‍ത്തിച്ചത് സമാധാനത്തെ കുറിച്ച് തന്നെയായിരുന്നു. മത സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും ഇല്ലാതെ സമാധാനം സാധ്യമാകില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഗാസയിലും ഉക്രൈനിലും നടക്കുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും സംഘര്‍ഷങ്ങള്‍ നടക്കുന്ന എല്ലായിടത്തും സമാധാനം പുലരണമെന്നും അദ്ദേഹം അവസാന സന്ദേശത്തില്‍ ലോകത്തോടായി പറഞ്ഞു.

മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായ മഹാഇടയന്‍, പാവങ്ങളുടെ പുണ്യളനെന്നറിയപ്പെടുന്ന അസീസിയിലെ പരമ നിസ്വനായ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച ലാറ്റിനമേരിക്കക്കാരനായ മാര്‍പ്പാപ്പ സ്‌നേഹത്തിന്റെയും സമധാനത്തിന്റെയും സാമൂഹ്യ നീതിയുടെയും ദൂതുമായി ലോകത്താകനാമം സഞ്ചരിച്ചു. വത്തിക്കാന്‍ ഒരിക്കലും എത്തിപ്പെടാത്ത അറേബ്യന്‍ പെനിന്‍സുലയിലും തന്റെ സഞ്ചാരത്തിനിടെ പോപ് ഫ്രാന്‍സിസ് സമാധാന വാഹകനായി എത്തി. അത് ചരിത്രമായിരുന്നു. മാര്‍പാപ്പമാരുടെ സന്ദര്‍ശക വഴികളില്‍ ഒരിക്കലും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ആ പതിവ് തെറ്റിച്ച് രണ്ട് തവണയാണ് ഗള്‍ഫിലേക്ക് എത്തിയത്. 2019ല്‍ യുഎഇയിലും 2022ല്‍ ബഹ്റൈനിലും.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഹമദ് രാജാവും, ഫോട്ടോ: അനില്‍

ലോകം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കാന്‍ മതനേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും പ്രതിഭാശാലികള്‍ക്കും കഴിയുമെന്ന ഹമദ് രാജാവിന്റെ വീക്ഷണമായിരുന്നു പോപ് ഫ്രാന്‍സിസിന്റെ ബഹ്റൈന്‍ സന്ദര്‍ശനം. നാലുദിവസം പോപ് വിവിധ പരിപാടികളില്‍ പങ്കെടുത്തു. പൊതുജനത്തെയും വിശ്വാസിസമൂഹത്തെയും ആശിര്‍വദിച്ചു. പോപ്പിനെ അടുത്ത് കാണാനും ഒന്ന് തൊടാനും കയ്യില്‍ മുത്താനും അനുഗ്രഹം നേടാനും ആഗ്രഹിച്ച അനേകം മനുഷ്യര്‍ അന്നവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മലയാളിയ്ക്ക് ആ ഭാഗ്യമുണ്ടായി. പോപ്പിനോട് ചേര്‍ന്നിരുന്ന് കൈകള്‍ വാരിപ്പുണര്‍ന്ന് അയാള്‍ അനുഗ്രഹീതനായി. പത്തനംതിട്ട സ്വദേശിയും ബഹ്റൈനില്‍ പ്രവാസിയുമായ അനിലിനാണ് ആ ഭാഗ്യമുണ്ടായത്.

മീഡിയ ലൈവ് എന്ന പ്രോഡക്ഷന്‍ കമ്പനി നടത്തുന്ന അനിലിനായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി പോപ്പിന്റെ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ എടുക്കുന്ന ചുമതല. ജനകീയനായ നേതാവിനോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യമായാണ് അനില്‍ കാണുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഹമദ് രാജാവും, ഫോട്ടോ: അനില്‍

‘കോവിഡ് കഴിഞ്ഞ സമയമായതിനാല്‍ മാര്‍പ്പാപ്പയുടെ അടുത്തേയ്ക്ക് പോകാന്‍ ആരെയും അനുവദിച്ചിരുന്നില്ല. മാത്രമല്ല, പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു പൊതുപരിപാടി കഴിഞ്ഞ് പോപ് പോകാന്‍ നേരം റോയല്‍ കോര്‍ട്ടിലെ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്ന പ്രതിനിധികളുമെല്ലാം അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുത്തിരുന്നു. ഞാനാണ് ആ ഫോട്ടോകള്‍ എടുത്തുനല്‍കിയത്. അവസാനം കൂടെ ഉണ്ടായിരുന്നു ഒരാളുടെ അടുത്ത് കാമറ നല്‍കി ഞാനും പോപ്പിനൊപ്പം ഫോട്ടോ എടുക്കാന്‍ ചെന്നു. അദ്ദേഹത്തിന്റെ അടുത്തിരുന്നു. എന്റെ രണ്ട് കൈയും ചേര്‍ത്ത് പിടിച്ച് എന്നെ ആശിര്‍വദിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെ ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നെ നോക്കി ചിരിച്ചു. സന്തോഷവും അഭിമാനവും നിറഞ്ഞ വല്ലാത്ത അനുഭൂതി ആയിരുന്നു അപ്പോള്‍. ഇന്നും എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ് ആ നിമിഷത്തെ ഞാന്‍ ഓര്‍ക്കുന്നത്.’, അനില്‍ ബഹ്റൈന്‍ വാര്‍ത്തയോട് പറഞ്ഞു.

‘പോപ്പിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അതിനു ശേഷം അന്ന് വരെ സംസാരിക്കാത്ത മനുഷ്യര്‍ എന്നെ വിളിച്ച് സംസാരിച്ചു. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആളുകള്‍ സന്തോഷം അറിയിച്ചു. ഇന്ത്യന്‍ ക്ലബ്ബിലെ മലയാളികള്‍ പോപ്പ് സ്പര്‍ശിച്ച എന്റെ കൈ മുത്തി. അദ്ദേഹത്തോടൊപ്പം ഇടപഴകാന്‍ ലഭിച്ച അവസരം മരണം വരെ ഞാന്‍ ഓര്‍ക്കും.’, അനില്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് നല്‍കിയ സ്വീകരണം, ഫോട്ടോ: അനില്‍

പാശ്ചാത്യ, പൗരസ്ത്യ രാജ്യങ്ങളില്‍ പുലരേണ്ട സഹവര്‍ത്തിത്വത്തിന്റെ അടയാളമായാണ് പോപ്പിന്റെ ബഹ്റൈന്‍ സന്ദര്‍ശനം ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ആ ചരിത്രം പകര്‍ത്താനും ആശിര്‍വാദം നേടാനും ഒരു മലയാളിയ്ക്കും സാധിച്ചു.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!