മനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തുന്ന പരിശോധന കാമ്പയിന്‍ തുടരുന്നു. ഏപ്രില്‍ 13 മുതല്‍ 19 വരെ നടന്ന പരിശോധനയില്‍ നിയമം ലംഘിച്ച 17 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 116 പേരെ നാടുകടത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,130 പരിശോധനകളാണ് ഒരാഴ്ചക്കിടെ എല്‍.എം.ആര്‍.എ നടത്തിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 11 സംയുക്ത കാമ്പയിനുകളും ഈ കാലയളവില്‍ സംഘടിപ്പിച്ചിരുന്നു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 5 കാമ്പയിനുകള്‍, മുഹറഖ് ഗവര്‍ണറേറ്റില്‍ 2 കാമ്പയിനുകള്‍, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ 3 കാമ്പയിനുകള്‍, സതേണ്‍ ഗവര്‍ണറേറ്റില്‍ 1 കാമ്പയിന്‍ നടത്തി.
നിയമലംഘനങ്ങള്‍ തടയുന്നതിനായി തൊഴിലിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയുടെ വെബ്സൈറ്റായ www.lmra.gov.bh വഴിയോ, തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ, 17506055 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍.എം.ആര്‍.എ ആവശ്യപ്പെട്ടു.