മനാമ: കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കള്ളക്കടത്ത് നടത്തിയ രണ്ട് പേര്‍ക്ക് 15 ഉം 10 ഉം വര്‍ഷം തടവ് ശിക്ഷ. തപാല്‍ പാഴ്‌സലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്ത്. പാഴ്‌സലില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ പാഴ്‌സല്‍ സ്വീകരിക്കാന്‍ എത്തിയ പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പാഴ്‌സലില്‍ എന്താണെന്ന് അറിയാമെന്നും പണത്തിനായാണ് ഈ ജോലി ചെയ്യുന്നതെന്നും യുവാവ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഏഷ്യന്‍ പൗരനായ രണ്ടാമത്തെ പ്രതിയുടെ വിവരങ്ങളും നല്‍കി. അന്വേഷണത്തില്‍ ഇരുവരും ബഹ്റൈനിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തി.
പ്രതികളുടെ വൈദ്യപരിശോധനയില്‍ ഇരുവരും മെത്താഫെറ്റാമൈന്‍ ഉപയോഗിച്ചതായി കണ്ടെത്തി. കൂടാതെ ഇവരുടെ ഫോണില്‍ നിന്നും മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.