മനാമ: പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിനും ഒളിച്ചോടിയ വിദേശ തൊഴിലാളികളെ നാടുകടത്തുന്നതിനും തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി. 2006 ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമ പ്രകാരം തൊഴിലുടമക്ക് വഹിക്കേണ്ടി വരുന്ന ചെലവുകളില്‍ കുറവ് വരുത്തുന്നതാണ് ഭേദഗതി.
എം.പി ജലാല്‍ കാദം അല്‍ മഹ്ഫൂദ് ആണ് നിര്‍ദേശം അവതരിപ്പിച്ചത്. പുതിയ നിയമം പ്രകാരം, ഒരു തൊഴിലാളി മരിക്കുകയും ബന്ധുക്കള്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ മാത്രമേ തൊഴിലുടമകള്‍ ചെലവുകള്‍ വഹിക്കാവൂ.
ഒളിച്ചോടുകയോ മറ്റോ ചെയ്യുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തം തൊഴിലുടമയില്‍നിന്ന് ഒഴിവാക്കണമെന്നും ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നു. തൊഴിലുടമകളുടെ സാമ്പത്തിക ശേഷി കണക്കിലെടുക്കുകയും അവരുടെ ബിസിനസുകളില്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നതാവണം നിയമങ്ങളെന്ന് എം.പി അല്‍ മഹ്ഫൂദ് പറഞ്ഞു.