മനാമ: ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബി.ഡി.എഫ്) ഡിജിറ്റല്‍ റേഞ്ചില്‍ സംഘടിപ്പിച്ച കിങ്‌സ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സായുധ സേന സുപ്രീം കമാന്‍ഡര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. ചടങ്ങില്‍ രാജാവിന്റെ പ്രതിനിധിയായി ബി.ഡി.എഫ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്‌മദ് അഹ്‌മദ് അല്‍ ഖലീഫ പങ്കെടുത്തു.
2024-2025ലെ സ്പോര്‍ട്സ് എക്സലന്‍സ് അവാര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്ക് കമാന്‍ഡര്‍-ഇന്‍-ചീഫ് സമ്മാനിച്ചു. ഷൂട്ടിങ്, വടംവലി, സേനാംഗങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്തും പോരാട്ട വൈദഗ്ധ്യവും ടീം വര്‍ക്ക് ശേഷിയും പരീക്ഷിക്കുന്ന വിവിധ ടാസ്‌ക്കുകള്‍ എന്നിവയായിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്നത്. വിജയിച്ച ടീമുകള്‍ക്ക് കമാന്‍ഡര്‍-ഇന്‍-ചീഫ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ, റോയല്‍ ഗാര്‍ഡ് സ്‌പെഷല്‍ ഫോഴ്സ് കമാന്‍ഡര്‍ കേണല്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അല്‍ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.