മനാമ: സിഗ്‌നല്‍ തെറ്റിച്ച് റോഡ് നിര്‍മാണ തൊഴിലാളികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് പിഴ ശിക്ഷ വിധിച്ച് ബഹ്റൈന്‍ സിവില്‍ ഹൈക്കോടതി. 49,500 ബഹ്റൈന്‍ ദിനാര്‍ ആണ് പിഴ ചുമത്തിയത്.
പുലര്‍ച്ചെ 3 മണിയോടെ തൊഴിലാളികള്‍ റോഡിന്റെ ഒരു ഭാഗം കുഴിക്കുന്നതിനിടെയാണ് വാഹനം തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറിയതെന്നും അപകടത്തിന് ഡ്രൈവര്‍ പൂര്‍ണ്ണ ഉത്തരവാദിയാണെന്നും കോടതി കണ്ടെത്തി. അപകടം പറ്റിയ മൂന്ന് പേരും ഏഷ്യന്‍ പൗരന്മാരാണ്.
റോഡിലെ ചുവപ്പ് സിഗ്നല്‍ അവഗണിച്ച് വാഹനം മുന്നോട്ട് എടുത്ത ഡ്രൈവര്‍ നിയമപരമായി കടന്നുപോകുകയായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് തൊഴിലാളികളെ ഇടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തൊഴിലാളികളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് തൊഴിലാളികളും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.
നേരത്തെ പ്രതിയെ ക്രിമിനല്‍ കോടതി ശിക്ഷിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയുമാണ് ഉണ്ടായത്.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് കോടതി 36,000 ബഹ്റൈന്‍ ദിനാര്‍ നഷ്ടപരിഹാരം നല്‍കി. മരിച്ച വ്യക്തിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇളയമകള്‍ക്കുമായി ഈ തുക തുല്യമായി വീതിക്കണം. ഇവര്‍ മൂന്ന് പേരും പൂര്‍ണമായും തൊഴിലാളിയുടെ വരുമാനത്തിനെ ആശ്രയിക്കുന്നവരാണെന്ന് കോടതി പറഞ്ഞു.
പരിക്ക് പറ്റിയ രണ്ട് തൊഴിലാളികളില്‍ ഗുരുതര പരിക്ക് പറ്റിയ വ്യക്തിക്ക് 10,000 ദിനാര്‍ നല്‍കാനാണ് നിര്‍ദേശം. മൂന്നാമത്തെ തൊഴിലാളിക്ക് നഷ്ടപരിഹാരമായി 3,500 ദിനാര്‍ ലഭിക്കും. ഈ തുക മുഴുവനായും അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദേശം. ഇതോടെ തന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ ജീവഹാനിക്കും പരിക്കുകള്‍ക്കും സിവില്‍ നഷ്ടപരിഹാരമായി 49,500 ദിനാര്‍ ഡ്രൈവര്‍ നല്‍കണം.