മനാമ: രാജ്യത്തേക്ക് കടന്നുവന്ന എല്ലാ നന്മകളെയും സ്വീകരിക്കുക എന്നതായിരുന്നു രാജ്യത്തിന്റെ പൊതുസ്വഭാവം. അതുകൊണ്ട് തന്നെ നിലനില്‍ക്കുന്ന വര്‍ഗീയതയെ മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ബഹുസ്വരതയുടെയും ഭൂമികയില്‍ നിന്ന് ചെറുക്കാന്‍ നമുക്ക് സാധിക്കും എന്ന് ‘നാടിന്റെ നന്മയ്ക്ക് നമ്മളൊന്നിക്കണം’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ടോക്ക് ഷോയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ സമൂഹത്തില്‍ സംഘപരിവാര്‍ സ്വീകരിച്ച തന്ത്രപരമായ സമീപനമാണ് മുസ്ലീങ്ങളും അല്ലാത്തവരും എന്ന ഒരു വേര്‍തിരിവ് സൃഷ്ടിച്ചെടുക്കുക എന്നത്. അതിലൂടെ മുസ്ലിം വെറുപ്പിന്റെ സാമൂഹിക സംഘാടനവും വെറുപ്പിന്റെ പൊതുബോധവും നിര്‍മ്മിച്ചെടുക്കുവാനും അവര്‍ക്ക് സാധിച്ചതിന്റെ സാമൂഹിക ദുരന്തമാണ് പൗരത്വ നിയമം തുടങ്ങി വഖഫ് സ്വത്തുക്കള്‍ കയ്യേറുന്ന ഭരണഘടനാ വിരുദ്ധ നിയമങ്ങളിലൂടെ രാജ്യം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു.
സംഘപരിവാര്‍ രാജ്യത്ത് രൂപപ്പെടുത്തിയ അപകടകരമായ രാഷ്ട്രീയ ഫാഷിസത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച മതേതര സമൂഹത്തിന് അവര്‍ തിരുകി കയറ്റിയ സാംസ്‌കാരിക ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് കൊണ്ട് കൂടിയാണ് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് ഉല്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനായത്. സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ അടി വേരറുക്കാനും ജാതീയതയും അസമത്വവും വിദ്വേഷവും വെറുപ്പും അവസാനിപ്പിക്കാനും നമുക്ക് സാധിക്കണം. അതിന് മനുഷ്യര്‍ തമ്മിലുള്ള കേവല സൗഹൃദത്തിനപ്പുറം രാജ്യത്ത് സാഹോദര്യ രാഷ്ട്രീയം ഉയര്‍ത്തികൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ മനുഷ്യര്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തില്‍ എവിടെയും നടക്കുന്ന അനീതികള്‍ മനുഷ്യത്വത്തിന് എതിരെയുള്ള ക്രൂരമായ അക്രമങ്ങളാണ് എന്ന് തിരിച്ചറിയുന്നിടത്താണ് ശരിയായ മാനവികത രൂപപ്പെടുന്നത്. മാനവികത എന്ന ആശയത്തിനായി ജനാധിപത്യപരമായ കൂടിച്ചേരലുകളും ജനാധിപത്യപരമായ യോജിപ്പുകളുമായ് നീതിയുടെ പക്ഷത്ത് നമ്മള്‍ നില്‍ക്കണം. ഭരണഘടന സംരക്ഷണത്തിനായുള്ള ശക്തമായ ഇടപെടലുകള്‍ക്കായ് ജനാധിപത്യപരമായ യോജിപ്പുകള്‍ ഇന്ത്യയില്‍ ഉണ്ടാകേണ്ടതുണ്ട്. ശരിയുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍ നമ്മുടെ കയ്യില്‍ ഉള്ള തുലാസ് നീതിയില്‍ അധിഷ്ഠിതമായിരിക്കണം എന്നുള്ളതും വളരെ പ്രധാനമാണ്.
പുതിയ പാര്‍ലമെന്റില്‍ 800 ലധികം സീറ്റുകള്‍ ഉണ്ടാക്കിയത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഒരു ഘട്ടമാണ്. ഭയത്തിലൂടെയും വര്‍ഗീയതയിലൂടെയും മനുഷ്യത്വത്തിനെതിരായ ആയുധങ്ങങ്ങളാക്കി മാറ്റുകയാണ് എന്ന് നമ്മള്‍ തിരിച്ചറിഞ്ഞ് മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ രാജ്യത്ത് മാനവികത നിലനില്‍ക്കുകയുള്ളൂ എന്ന് നമ്മള്‍ തിരിച്ചറിയണം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കണം. അതിനപ്പുറമുള്ള സര്‍വാധികാര സംവിധാനത്തിന്റെ അധിനിവേശത്തെ രാജ്യം നിരാകരിക്കണം എന്നും ടോക് ഷോയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വെന്നിയൂര്‍ നയിച്ച ടോക് ഷോയില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഇ.എ സലീം, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, സാനി പോള്‍, ഇ.വി രാജീവന്‍, പ്രമോദ് കോട്ടപ്പള്ളി, സല്‍മാനുല്‍ ഫാരിസ്, എസ്.വി ബഷീര്‍, അനില്‍കുമാര്‍ യു.കെ, ജമാല്‍ നദ്വി ഇരിങ്ങല്‍, ജലീല്‍ മല്ലപ്പള്ളി, സബീന ഖാദര്‍, ഗഫൂര്‍ കൈപ്പമംഗലം, ലത്തീഫ് കൊളിക്കല്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി സ്വാഗതം ആശസിച്ചു. ശരീഫ് കായണ്ണ വിഷയം അവതരിപ്പിച്ചു.