മനാമ: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 100 പ്രവാസികളെ ബഹ്റൈനില്‍ നിന്നും നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. ഏപ്രില്‍ 20നും 26നുമിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,236 പരിശോധനകളാണ് എല്‍.എം.ആര്‍.എ നടത്തിയത്. ഈ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് 12 സംയുക്ത പരിശോധന കാമ്പയിനുകളും ഒരാഴ്ചക്കിടെ സംഘടിപ്പിച്ചിട്ടുണ്ട്. 2024 ജനുവരി മുതല്‍ 72,424 പരിശോധനകളും 1,044 സംയുക്ത കാമ്പയിനുകളും എല്‍.എം.ആര്‍.എ നടത്തി. പരിശോധനകളില്‍ 3,082 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും 8,481 അനധികൃത തൊഴിലാളികളെ നാടുകടത്തിയെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴില്‍ നിയമങ്ങളും താമസനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് എല്‍.എം.ആര്‍.എയുടെ പരിശോധനകള്‍. നിയമലംഘനങ്ങള്‍ തടയുന്നതിനായി തൊഴിലിടങ്ങളില്‍ കര്‍ശന പരിശോധനകളും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണങ്ങളും തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ www.lmra.gov.bh എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ 17506055 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്‍.എം.ആര്‍.എ ആവശ്യപ്പെട്ടു.