മനാമ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴുതയെ ദുരുപയോഗം ചെയ്തതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ക്കെതിരെ പരാതി. ബഹ്റൈന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സാണ് തഹിന്‍ എന്ന് വിളിപ്പേരുള്ള കഴുതയുടെ ഉടമസ്ഥനെതിരെ പരാതി നല്‍കിയത്.
കഴുതയുടെ കാലില്‍ പരിക്കുണ്ടായിട്ടും വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചുവെന്നും ഒരു മാസത്തില്‍ കൂടുതലായി പരിക്ക് പരിഗണിക്കുന്നില്ലെന്നും സൊസൈറ്റി മേധാവി മഹ്‌മൂദ് ഫരാജ് പറഞ്ഞു. പരിക്കുകളോടെ മൃഗത്തെ സ്റ്റണ്ടുകള്‍ക്കും ഉപയോഗിച്ചിട്ടുണ്ടെന്നും ഫരാജ് കൂട്ടിച്ചേര്‍ത്തു.
വളര്‍ത്തുമൃഗത്തോട് മോശമായി പെരുമാറുന്നതോ, ദുരുപയോഗം ചെയ്യുന്നതോ, അവഗണിക്കുന്നതോ ക്രിമിനല്‍ കുറ്റമാക്കുന്ന പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 416 പ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്. ഇത് മൂന്ന് മാസം വരെ തടവോ 20 ദിനാറില്‍ കൂടാത്ത പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.
അതേസമയം, പരാതി അറിഞ്ഞതിന് ശേഷം മുഹറഖിലെ ഒരു പോലീസ് സ്റ്റേഷനില്‍ പോയതായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പറഞ്ഞു. കഴുതയെ മൃഗഡോക്ടര്‍ കാണിക്കുകയും ചികിത്സിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.