മനാമ: ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി ബഹ്‌റൈനി സഹോദരങ്ങള്‍. ചാമ്പ്യന്‍ഷിപ്പില്‍ 21കാരനായ അഹ്‌മദ് ബെഹ്‌സാദ്, 19കാരനായ ബെഹ്‌സാദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്ത്യന്‍ യുവജനകാര്യ-കായിക മന്ത്രാലയം സംഘടിപ്പിച്ച ടൂര്‍ണമെന്റ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സിലാണ് നടന്നത്.
ബഹ്‌റൈന് പുറമെ ജി.സി.സി രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവരുള്‍പ്പെടെ ആകെ 21 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഖദീസിയയിലെ തംകീന്‍ യൂത്ത് സെന്ററിന്റെ ഭാഗമായി രാജ്യത്തെ പ്രതിനിധീകരിച്ച 14 അംഗ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിലെ ആറ് താരങ്ങള്‍ വിവിധ ഇനങ്ങളിലായി ഏഴ് മെഡലുകളും സ്വന്തമാക്കി.
ഈ നേട്ടം ഹമദ് രാജാവിനും ബഹ്‌റൈനിലെ ജനങ്ങള്‍ക്കും തംകീന്‍ യൂത്ത് സെന്ററിലെ മറ്റ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കാന്‍ താനും സഹോദരനും ആഗ്രഹിക്കുന്നതായി അഹ്‌മദ് പറഞ്ഞു. ഇത്തവണത്തേക്കാള്‍ മികച്ച രീതിയില്‍ അടുത്തതവണ തങ്ങള്‍ ശ്രമിക്കുമെന്നും അഹ്‌മദ് കൂട്ടിച്ചേര്‍ത്തു