മനാമ: 45-ാമത് ലണ്ടന്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി ബഹ്റൈനില്‍ നിന്നുള്ള ഡാലിയ അല്‍ സാദിഖി, ഹുസൈന്‍ അല്‍ദൈലാമി, ഡോ. സഖര്‍ അല്‍ ഖലീഫ എന്നിവര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56,000 പേരാണ് മാരത്തോണില്‍ പങ്കെടുത്തത്.
ഗ്രീനിച്ച് പാര്‍ക്കില്‍ നിന്നും ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി 26.2 മൈല്‍ താണ്ടി ലണ്ടന്‍ മാളിന് മുന്നിലാണ് ഓട്ടം ഫിനിഷ് ചെയ്തത്. ടവര്‍ ബ്രിഡ്ജ്, കാനറി വാര്‍ഫ്, ബിഗ്‌ബെന്‍ വഴിയാണ് മാരത്തോണ്‍ കടന്നുപോയത്. അല്‍ സദിഖി 4 മണിക്കൂര്‍ 13 മിനിട്ടിലും അല്‍ദൈലാമി 4 മണിക്കൂര്‍ 23 മിനിട്ടിലും ഡോ. അല്‍ ഖലീഫ 3 മണിക്കൂര്‍ 55 മിനിട്ടിലും ഓട്ടം പൂര്‍ത്തിയാക്കി.
കെനിയയുടെ സെബാസ്റ്റ്യന്‍ സാവേ പുരുഷ വിഭാഗത്തിലും എത്യോപ്യയുടെ ടിഗസ്റ്റ് അസഫേ വനിതാ വിഭാഗത്തിലും ജേതാക്കളായി. വിജയികള്‍ക്ക് 41,000 പൗണ്ടാണ് സമ്മാനത്തുക. ഇതിനു പുറമേ രണ്ടു മണിക്കൂര്‍ രണ്ടു മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ പുരുഷന്മാര്‍ക്കും രണ്ടു മണിക്കൂര്‍ 15 മിനിറ്റില്‍ താഴെ ഓടിയെത്തിയ വനിതകള്‍ക്കും 112,000 പൗണ്ട് ബോണസ് വീതിച്ചു നല്‍കി.