മനാമ: ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്പോര്‍ട്സ് കമ്മിറ്റി (മൗറൂത്ത്) സംഘടിപ്പിക്കുന്ന മൗറൂത്ത് ട്രഡീഷണല്‍ ഗെയിംസിന് തുടക്കമായി. ബാബ് അല്‍ ബഹ്റൈനിലെ പോസ്റ്റ് മ്യൂസിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് മെയ് 7 വരെ നീണ്ടുനില്‍ക്കും. വിവിധ പ്രായത്തിലുള്ള 250 ലധികം പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഡാമ (ചെക്കറുകള്‍), ഡൊമിനോസ്, ഡബിള്‍സ് കാരംസ്, കോട് 6, ഹാന്‍ഡ് (റമ്മി) എന്നിവയുള്‍പ്പെടെയുള്ള ഗെയിമുകളാണ് ടൂര്‍ണമെന്റിലുള്ളത്. പരമ്പരാഗത ബഹ്റൈനി വസ്ത്രം ധരിച്ചാണ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്. മത്സരാര്‍ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്നും 10 മിനിറ്റില്‍ കൂടുതല്‍ വൈകിയെത്തുന്നവരെ മത്സരങ്ങളില്‍ നിന്ന് അയോഗ്യരാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ബഹ്റൈന്‍ പൈതൃകം സംരക്ഷിക്കുക, ദേശീയത ശക്തിപ്പെടുത്തുക, സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായിരുന്ന പരമ്പരാഗത ഗെയിമുകളെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.