മനാമ: അല്‍ റീഫ് തിയേറ്റര്‍ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് മെയ് 9ന് ആരംഭിക്കും. മെയ് 13 വരെ മനാമയിലെ കള്‍ച്ചറല്‍ ഹാളിലാണ് പരിപാടി. ഹാസ്യ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഇത്തവണത്തെ പതിപ്പെന്ന് സംഘാടകര്‍ അറിയിച്ചു. ബഹ്റൈനി തിയേറ്ററിന്റെ നൂറാം വാര്‍ഷിക പരിപാടികളും അല്‍ റീഫ് തിയേറ്റര്‍ സ്ഥാപിതമായതിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാവും.
മൂന്ന് നാടകങ്ങള്‍ അരങ്ങേറും. കൂടാതെ പരിശീലന ശില്‍പശാലകളും സംഘടിപ്പിക്കും. മെയ് 10 ന് വൈകുന്നേരം 5 മണിക്ക് ബഹ്റൈന്‍ നാഷനല്‍ മ്യൂസിയത്തില്‍ ‘ആക്ഷേപഹാസ്യത്തിനും ചിരിയുടെ കലക്കും ഇടയിലുള്ള കോമഡി’ എന്ന പേരില്‍ നടക്കുന്ന സിമ്പോസിയത്തിലും മെയ് 13 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ക്ലോസ്ഡ് ക്രിട്ടിക് സെഷനിലും കാണികള്‍ക്ക് പങ്കെടുക്കാം.
പ്രേക്ഷകരുടെ വോട്ടിനെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ്, ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയം, അവല്‍ തിയേറ്റര്‍, ഇസ ടൗണ്‍ സ്പോര്‍ട്സ് ക്ലബ്, ബഹ്റൈന്‍ തിയറ്റേഴ്സ് യൂണിയന്‍, ജിസിസി പെര്‍മനന്റ് കമ്മിറ്റി ഫോര്‍ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്‌സ് എന്നിവയുടെ സഹകരണത്തോടെ അല്‍ റീഫ് തിയേറ്റര്‍ നിര്‍മാണ കമ്പനിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.