മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍, ബഹ്റൈന്‍ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റൈന്‍ ട്രേഡ് യൂണിയന്‍സും ബഹ്റൈന്‍ ഫ്രീ ലേബര്‍ യൂണിയന്‍സ് ഫെഡറേഷനുമാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫും അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഫയസ് അലി അല്‍ മുതൈരിയും പരിപാടികളില്‍ പങ്കെടുത്തു. രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ആശംസകള്‍ ഖലഫ് അറിയിച്ചു.
സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ വിപണി സ്ഥിരതയിലും തൊഴിലാളികളുടെ മുഖ്യ പങ്ക് ആശംസയില്‍ ഉയര്‍ത്തിക്കാണിച്ചു. അല്‍ മുതൈരി ബഹ്റൈനിലെ തൊഴിലാളികളെ അഭിനന്ദിക്കുകയും സുരക്ഷിതവും ആധുനികവുമായ തൊഴില്‍ അന്തരീക്ഷങ്ങള്‍ക്കായുള്ള അറബ് ലേബര്‍ ഓര്‍ഗനൈസേഷന്റെ പിന്തുണയെ ഊന്നിപ്പറയുകയും ചെയ്തു.