മനാമ: ജിദ് ഹാഫ്‌സ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കെതിരായ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അടിയന്തര പാര്‍ലമെന്ററി നിര്‍ദേശം. വ്യാപാരികളുമായി കൂടിയാലോചിച്ച് മാര്‍ക്കറ്റിന്റെ സമീപത്ത് ഒരു ബദല്‍ കണ്ടെത്തുന്നതുവരെ ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ആവശ്യം.
ഇന്നലെ പാസാക്കിയ പ്രമേയത്തില്‍ പുതിയ സ്ഥലം ക്രമീകരിക്കുന്നതുവരെ ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എം.പി.മാരായ മഹ്‌മൂദ് ഫര്‍ദാന്‍, ഹമദ് അല്‍ ഡോയ്, മംദൂഹ് അല്‍ സാലിഹ്, മുഹമ്മദ് അല്‍ റിഫായ്, ഹിഷാം അല്‍ അവാധി എന്നിവരാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
നിരവധി കുടുംബങ്ങള്‍ മാര്‍ക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും പകരം സൗകര്യം ഇല്ലാതിരുന്നാല്‍ അത് ഈ കുടുംബങ്ങളെ ബാധിക്കുമെന്നും എം.പിമാര്‍ പറഞ്ഞു. മാര്‍ക്കറ്റ് പ്രാദേശിക ജീവിതത്തിന്റെ ഭാഗമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.