മനാമ: സ്വകാര്യ സ്‌കൂളുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും വിദ്യാഭ്യാസ, പരിശീലന, ഭരണപരമായ തസ്തികകളില്‍ ബഹ്റൈനി പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമനിര്‍മ്മാണ നിര്‍ദേശം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നു. 1998 ലെ സ്വകാര്യ വിദ്യാഭ്യാസ, പരിശീലന സ്ഥാപന നിയമത്തിലെ ഭേദഗതി കഴിഞ്ഞ മാസം എം.പിമാര്‍ അംഗീകരിച്ചിരുന്നു.
നിര്‍ദ്ദിഷ്ട ഭേദഗതി ശൂറയുടെ സേവന കമ്മിറ്റി അവലോകനം ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ബിരുദധാരികള്‍ അധ്യാപക തസ്തികകളില്‍ ജോലി ചെയ്യാന്‍ കാത്തിരിക്കുന്നതിനാല്‍, ബഹ്റൈനി അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കാന്‍ സ്‌കൂളുകള്‍ നിര്‍ബന്ധിതരാകും.
നിലവിലുള്ള നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 ഉം 12 ഉം ഭേദഗതി വരുത്തിയാവും അധ്യാപകരെയും മറ്റു ഉദ്യോഗസ്ഥരെയും നിയമിക്കുക. യോഗ്യതയുള്ള ഒരു ബഹ്റൈനിയുണ്ടെങ്കില്‍ ആ വ്യക്തിയെ ആയിരിക്കും ആദ്യം പരിഗണിക്കുക.