മനാമ: 3000 സ്‌ക്വയര്‍ മീറ്ററില്‍ സജ്ജീകരിച്ച പുതിയ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഹമദ് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി. ഉത്സവാന്തരീക്ഷത്തില്‍ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം അല്‍ ഹമലയില്‍ ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദെല്‍ ഫക്രു നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഒന്നാം ഡെപ്യൂട്ടി സ്പീക്കര്‍ അബ്ദുല്‍നബി സല്‍മാന്‍, എന്‍എച്ച്ആര്‍എ സിഇഒ അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി, ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുക്കമാസ്, പബ്ലിക് ഹെല്‍ത്ത് ഡയരക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മജീദ് അല്‍ അവാദി, ആഭ്യന്തര മന്ത്രാലയം ജനറല്‍ ഗാര്‍ഡ്സ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ മോസെന്‍ അല്‍ അര്‍ജാനി, നോര്‍തേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ വികസന വിഭാഗം മേധാവി എസാം ഇസാ അല്‍ഖയ്യാത്ത്, ലഫ്റ്റനന്റ് കേണല്‍ ഡോ. ഇഷാം മുഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സിയാദ് ഉമര്‍, സിഇഒ ഹബീബ് റഹ്‌മാന്‍, ഡയറക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരിബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് മജീദ്, സിഒഒ ഡോ. സായി ഗിരിധര്‍, അമ്മദ് പയ്യോളി, മജീദ തെരുവത്ത് എന്നിവരും സന്നിഹിതരായി. മുതിര്‍ന്ന ഡോക്ടര്‍മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, ബഹ്റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടന പ്രതിനിധികള്‍, ലോക കേരള സഭാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഷിഫ ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘടന ശേഷം മന്ത്രിയും വിശിഷ്ടാതിഥികളും മെഡിക്കല്‍ സെന്ററിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും ഒപികളും സന്ദര്‍ശിച്ചു. വിശാലമായ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ബഹ്റൈന്‍ ആരോഗ്യമേഖലക്ക് ഒരു മുതല്‍ കൂട്ടാകുമെന്ന് അവര്‍ നിരീക്ഷിച്ചു. പരിസ്ഥിതി സൗഹൃദ സൗകര്യങ്ങളില്‍ മതിപ്പു പ്രകടിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിയും വിശിഷ്ടാഥിതികളും ചേര്‍ന്ന് കേക്ക് മുറിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ എന്‍ജിനീയര്‍ സുഗന്ധ് സുരേഷിന് മെമന്റോ നല്‍കി ചടങ്ങില്‍ ആദരിച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തിയ ഉദ്ഘാടന ചടങ്ങ് ഉല്‍സവാന്തരീക്ഷം പകര്‍ന്നു. പരമ്പരാഗത അറബിക അര്‍ധ ഡാന്‍സും അരങ്ങേറി. ഉദ്ഘാടത്തിന്റെ ഭാഗമായി ഷിഫ അല്‍ ഹമല സെന്ററില്‍ മെയ് 31 വരെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നതായി മാനേജ്മെന്റ് അറിയിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, കോസ്മെറ്റോളജി, ഓര്‍തോപീഡിക്, ഡെന്റല്‍, റേഡിയോളജി, ഫാര്‍മസി, ലബോറട്ടറി, ഒപ്റ്റികല്‍സ് തുടങ്ങിയവ മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. മൂന്ന് ഒബ്സര്‍വേഷന്‍ റൂമുകളും സജ്ജമാണ്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ ശൃംഘലയിലെ ബഹ്റൈനിലെ മൂന്നാമത്തെ മെഡിക്കല്‍ സെന്ററാണിത്.