മനാമ: ബഹ്റൈന്‍ റിഫൈനിങ് കമ്പനിയിലെ (ബാപ്കോ) സുരക്ഷാ വാല്‍വിലുണ്ടായ ചോര്‍ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ രണ്ട് ജീവനക്കാര്‍ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെയാണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ ഒരു ആന്തരിക അന്വേഷണ പിന്തുണാ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കുക, അധികാരികളുമായി ഏകോപിപ്പിക്കുക, സമയബന്ധിതമായി ആശയവിനിമയം ഉറപ്പാക്കുക എന്നിവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.
അതേസമയം, മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിലെയും സിവില്‍ ഡിഫന്‍സിലെയും എമര്‍ജന്‍സി ടീമുകളും ബാപ്കോ റിഫൈനിങ് കമ്പനിയിലെ വിദഗ്ധ എമര്‍ജന്‍സി ടീമുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പനി അനുശോചനവും പിന്തുണയും അറിയിച്ചിരുന്നു.