മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. എംബസിയുടെ കോണ്‍സുലാര്‍ സംഘവും അഭിഭാഷക പാനലും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ 30-ലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സ്മരണയ്ക്കായി ഒരു നിമിഷം മൗനമാചരിച്ചാണ് ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിച്ച കേസുകളെക്കുറിച്ച് വിശദീകരിച്ചു. ബഹ്റൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്തു.
കഴിഞ്ഞ മാസം എംബസി ഉദ്യോഗസ്ഥര്‍ വനിതാ ജയിലിലും ജൗ ജയിലിലും സന്ദര്‍ശിച്ചെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഴി വനിതാ ജയിലിലെ തടവുകാര്‍ക്ക് സപ്പോര്‍ട്ട് കിറ്റുകള്‍ വിതരണം ചെയ്തതായും എംബസി അധികൃതര്‍ അറിയിച്ചു.
കോണ്‍സുലാര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചതിന് തൊഴില്‍ മന്ത്രാലയം, എല്‍എംആര്‍എ, ഇമിഗ്രേഷന്‍ അധികാരികള്‍ എന്നിവയുള്‍പ്പെടെയുള്ള ബഹ്റൈന്‍ അധികാരികള്‍ക്ക് അംബാസഡര്‍ നന്ദി അറിയിച്ചു.