കൊച്ചി: എയര്‍ കേരള വിമാന കമ്പനിയ്ക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ (അയാട്ട) എയര്‍ലൈന്‍ കോഡ് ലഭിച്ചു. എയര്‍ കേരളയുടെ സിഇഒ ഹരീഷ് കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ നിരക്കില്‍ വിമാന യാത്ര എന്ന പ്രവാസി മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രഖ്യാപിച്ചാണ് എയര്‍ കേരള എത്തുന്നത്.
കെഡി എന്നാണ് എയര്‍ കേരളയ്ക്ക് അയാട്ട അനുവദിച്ചിരിക്കുന്ന എയര്‍ലൈന്‍ കോഡ്. എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സാധാരണ രണ്ട് അക്ഷരങ്ങളോ അല്ലെങ്കില്‍ ഒരു അക്ഷരവും ഒരു അക്കവും ചേര്‍ന്നതോ ആയിരിക്കും അയാട്ട നല്‍കുന്ന കോഡ്.
എയര്‍ കേരള അടുത്തമാസം സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബഹ്റൈന്‍, കുവൈറ്റ്, യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് കേരളത്തെ ബന്ധിപ്പിക്കുന്ന താങ്ങാനാവുന്ന യാത്രാ പരിഹാരങ്ങള്‍ എയര്‍ കേര വാഗ്ദാനം ചെയ്യുന്നുണ്ട്.
കേരള ഡ്രീം എന്നതിന്റെ ചുരുക്കപ്പേരായി കെഡിയെ പരിഗണിക്കാമെന്ന് എയര്‍ കേരളയുടെ സ്ഥാപകനും ചെയര്‍മാനുമായ അഫി അഹമ്മദ് പറഞ്ഞു. പ്രവാസി മലയാളികളുടെ സ്വപ്നം എന്ന നിലയിലാണ് ‘കേരള ഡ്രീമാ’യി കണക്കാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ടു ദുബൈ, കേരള ടു ദോഹ എന്നിങ്ങനെ പല അര്‍ഥവും കെഡിക്ക് കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.