മനാമ: ജനവാസ കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവെന്ന് പരാതി. മനാമയിലെ ഹൂറയിലെയും റാസ് റുമാനിലെയും പ്രദേശവാസികളാണ് പരാതി ഉയര്‍ത്തുന്നത്. ഔദ്യോഗിക പാര്‍ക്കിങ് ഇല്ലാത്തതിനാല്‍ തുറസായ സ്ഥലങ്ങളിലോ ഇടുങ്ങിയ തെരുവുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അരികിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രദേശവാസികള്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
അശ്രദ്ധമായി വാഹനങ്ങള്‍ ഓടിച്ചുവരുന്നവര്‍ ഇത്തരം സ്ഥലംഗളില്‍ അപകടങ്ങളുണ്ടാക്കുന്നുണ്ട് എന്നാണ് ആക്ഷേപം. നിര്‍ത്തിയിട്ട വാഹനങ്ങളുമായി ഉരസുകയും കണ്ണാടി പൊട്ടുകയും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. ഇത് നിത്യേന സംഭവമായി മാറിയിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രദേശങ്ങളില്‍ നിരീക്ഷണ കാമറകളോ ദൃക്സാക്ഷികളോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ ഫലപ്രദമായി ഫയല്‍ ചെയ്യാനാവുന്നില്ല. തല്‍ഫലമായി അറ്റകുറ്റപ്പണിയുടെ ചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
കൂടുതല്‍ പ്രശ്‌നമുള്ളിടത്ത് നിരീക്ഷണം വര്‍ധിപ്പിക്കുക, പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക, പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നിവയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അശ്രദ്ധയോടെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.