മനാമ: വിദേശ തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് പരിധിനിശ്ചയിക്കണമെന്ന ആവശ്യവുമായി എം.പിമാര്‍. 2006ലെ നിയമം 19 ആര്‍ട്ടിക്കിള്‍ നാല് ഭേദഗതി ചെയ്യാനാണ് നിര്‍ദേശം. വിദേശത്ത് നിന്നുള്ള ക്രമരഹിതമായി റിക്രൂട്ട്‌മെന്റ് പരിമിതപ്പെടുത്തുക, വിദേശത്തേക്ക് പണമയക്കുന്നത് കുറക്കുക, സ്വദേശി തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരം നല്‍കുക എന്നതാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ കരട് അവലോകനം ചെയ്ത പാര്‍ലമെന്റിന്റെ സേവന സമിതി നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ വിഷയം ചര്‍ച്ചക്കും വോട്ടിനുമിടും. നിയമം നടപ്പാവുകയാണെങ്കില്‍ തൊഴില്‍ മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ പരിധി നിശ്ചയിക്കുകയാണ് ചെയ്യുക.
അതേസമയം, നിയമത്തിന്റെ സുഗമമായ നടത്തിപ്പിനും സ്വീകാര്യതക്കും ഇത് തടസ്സമാകുമെന്നും നിര്‍ദേശം പുനപ്പരിശോധിക്കാനുമാണ് സര്‍ക്കാറിന്റെ പക്ഷം. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനു മറ്റു പദ്ധതികള്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.