മനാമ: റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഡെലിവറി ബൈക്കുകള്‍ നിരീക്ഷിക്കുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം. ഡെലിവറികള്‍ക്കായി ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിളുകളില്‍ ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. ദക്ഷിണ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഹുസൈന്‍ ദരാജാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന പരാതികളെ തുടര്‍ന്നാണ് ഡെലിവറി ബൈക്കുകളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ജിപിഎസ് ഉപകരണങ്ങള്‍ വാഹനങ്ങളുടെ സ്ഥാനവും വേഗതയും നിരീക്ഷിക്കാന്‍ അധികാരികളെ പ്രാപ്തമാക്കുമെന്ന് മുഹമ്മദ് ഹുസൈന്‍ ദരാജ് പറഞ്ഞു.
നിര്‍ദേശം ദക്ഷിണ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിക്കുകയും മുനിസിപ്പാലിറ്റി കൃഷികാര്യ മന്ത്രിക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശം നടപ്പാക്കുന്നതിനായി കൗണ്‍സില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകോപനം തേടിയിട്ടുണ്ട്. അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയും സമൂഹ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ദരാജ് കൂട്ടിച്ചേര്‍ത്തു.