മനാമ: ദേശീയ ഐഡിന്റിറ്റി സിസ്റ്റത്തിലേക്കുള്ള അപ്‌ഗ്രേഡിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ സി.പി.ആര്‍ കാര്‍ഡുകള്‍ക്ക് സാങ്കേതിക തകരാറെന്ന് പരാതി. പ്രധാന ഡിജിറ്റല്‍ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുമായി പെരുത്തപ്പെടുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാര്‍ഡ് റീഡറുകള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാറിന്റെ നേതൃത്വത്തിലാണ് പ്രശ്‌ന പരിഹാരത്തിന് അപ്പീല്‍ നല്‍കിയത്.
സി.പി.ആറിന്റെ സാങ്കേതിക തകരാര്‍ പൗരന്മാരുടെയും താമസക്കാരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും വാഗ്ദാനം ചെയ്താണ് പുതിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ അവതരിപ്പിച്ചത്.
എന്നാല്‍ പലര്‍ക്കും അവശ്യ സേവനങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുനിസിപ്പല്‍ കിയോസ്‌കുകളിലും ബങ്കുകളിലും, വെന്‍ഡിങ് മെഷീനുകളിലും സി.പി.ആര്‍ അത്യാവശ്യമാണ്. നിലവിലുണ്ടാകുന്ന അസൗകര്യങ്ങളെ സര്‍ക്കാര്‍ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.