മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, ഇരു രാജ്യങ്ങളും ശാന്തതയും സംയമനവും പാലിക്കണമെന്നും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്നും ബഹ്റൈന്‍ ആഹ്വാനം ചെയ്തു.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം അടിവരയിട്ടു. നല്ല അയല്‍പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സംഘര്‍ഷത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കുന്നതിനും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിര്‍ത്താനും സമാധാനപരമായ മാര്‍ഗങ്ങല്‍ സഹായകമാകുമെന്നും മന്ത്രാലയം അറിയിച്ചു.