മനാമ: സുരക്ഷാ അനുമതികളില്ലാത്ത ഷെയറിംഗ് വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഹീല്‍ അല്‍ മുബാറക്. ഇത്തരം താമസ സ്ഥലങ്ങളുടെ പാട്ട കരാര്‍ റദ്ദാക്കുകയോ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയോ ചെയ്യും.
മുനിസിപ്പാലിറ്റി-കാര്‍ഷിക മന്ത്രാലയം പുറപ്പെടുവിച്ച 2023 ലെ ചട്ടവും 2020 ല്‍ പാസാക്കിയ റിയല്‍ എസ്റ്റേറ്റ് വാടക നിയമവും പ്രകാരം പാട്ട കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഭൂവുടമകള്‍ ലൈസന്‍സുള്ള എഞ്ചിനീയറിംഗ് ഓഫീസില്‍ നിന്നുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വ്യവസ്ഥ പാലിക്കുന്നില്ലെങ്കില്‍ മുനിസിപ്പല്‍ അധികാരികള്‍ക്ക് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയോ പാട്ടക്കാലാവധി റദ്ദാക്കുകയോ ചെയ്യാം.
തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന താമസസ്ഥലങ്ങള്‍ക്കും ബാച്ചിലര്‍ ഫ്‌ളാറ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തദ്ദേശ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതാണ് ഈ നീക്കമെന്ന് മന്ത്രി വഹീല്‍ അല്‍ മുബാറക് പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ ഉപയോഗത്തിന് അനുയോജ്യമല്ലാത്തതോ ആയ കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന അപകട സാധ്യതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വയറിംഗ്, ഫയര്‍ എക്‌സിറ്റുകള്‍, കെട്ടിടത്തിന്റെ ഉറപ്പ് എന്നിവ നിയമങ്ങളില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.