മനാമ: വ്യാജ വിദേശ കറന്‍സികളുമായി ആഫ്രിക്കന്‍ പൗരന്‍ പിടിയില്‍. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പ്രതിയെ പിടികൂടിയത്. വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിക്കെതിരെ സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ കറന്‍സി നിര്‍മാണം എന്നീ കുറ്റങ്ങള്‍ ചുമത്തി. കറന്‍സി നിര്‍മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍, രേഖകള്‍, വിദേശ-ബഹ്‌റൈന്‍ കറന്‍സികള്‍ എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.