മനാമ: ബഹ്‌റൈനില്‍ ഭവന നിര്‍മാണത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഭവന നഗരാസൂത്രണ മന്ത്രി അംന അല്‍ റൊമൈഹി. 2022ന്റെ അവസാനത്തില്‍ 57198 പേരായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ 2024ന്റെ അവസാനത്തിലെത്തിയപ്പോള്‍ അത് 47624 ആയി കുറഞ്ഞു.
വീട് നല്‍കല്‍ പദ്ധതിക്ക് പകരം യോഗ്യരായ അപേക്ഷകര്‍ക്ക് പകരം സാമ്പത്തിക സഹായം നല്‍കുന്ന നയം വന്നതോടെയാണ് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതെന്ന് മന്ത്രി പറഞ്ഞു. വീട് ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിന് പകരം 14192 പേര്‍ ധനസഹായം സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഭവന പരിഹാരങ്ങള്‍ക്കുള്ള മന്ത്രാലയത്തിന്റെ മികച്ച തീരുമാനമായി ഇതിനെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ ധനസഹായ പദ്ധതി ആവിഷ്‌കരിച്ചില്ലായിരുന്നുവെങ്കില്‍ ലിസ്റ്റിലുള്ളവരുടെ എണ്ണം 61816 ആയി ഉയരുമായിരുന്നു. പ്രതിവര്‍ഷം 6000 മുതല്‍ 7000 വരെ അപേക്ഷകളാണ് ലഭിക്കുന്നത്. എന്നാല്‍, ഫലപ്രദമായ ധനസഹായ പദ്ധതി സര്‍ക്കാറിന് ഗുണകരമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.