ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികള്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി

WhatsApp Image 2025-05-12 at 7.21.07 AM

മനാമ: ബഹ്‌റൈനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനെ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികള്‍ പ്രവാസി മലയാളികളെ അലട്ടുന്ന സുപ്രധാന പ്രശ്‌നങ്ങളുടെ അടിയന്തിര പരിഹാരത്തിനായി നിവേദനം സമര്‍പ്പിച്ചു. നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ അതീവ ഗൗരവമുള്ളവയാണെന്നും അത്തരം പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കപ്പെടാന്‍ വേണ്ട നടപടികള്‍ അനുഭാവപൂര്‍വ്വം സ്വീകരിക്കാമെന്നും ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹം ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികളെ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ ബഹു ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ ആണെന്നിരിക്കെ ഇവിടെയുള്ള മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള മത്സര പരീക്ഷകള്‍ എഴുതുവാനുള്ള പി.എസ്. സി പരീക്ഷാ കേന്ദ്രം ബഹറിനില്‍ അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.

നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുക. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആറുമാസം കുറഞ്ഞത് വിസ കാലാവധി വേണം എന്ന നിബന്ധന എടുത്ത് കളയുക. ഇപ്പോ ബഹ്‌റൈനില്‍ അടക്കം ആറുമാസത്തേക്ക് വിസ എടുക്കുന്നവര്‍ക്ക് നിലവില്‍ കാര്‍ഡിന് നിയമപരമായി അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല.

നോര്‍ക്കയുടെ രോഗികളായ പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതിയുടെ തുക അപേക്ഷ നല്‍കിയാല്‍ ഉടനെ ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ചികിത്സ സഹായത്തിന് അപേക്ഷിച്ച പലര്‍ക്കും മരണപ്പെടുന്നതു വരെ സഹായം ലഭിക്കാത്ത അവസ്ഥയുണ്ട്.

പ്രവാസികള്‍ക്കും കുടുംബത്തിനും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ ഉള്ള പദ്ധതികള്‍ കൊണ്ടുവരിക. തിരിച്ചെത്തി നാട്ടില്‍ ജീവിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് കൂടി പ്രീമിയം അടച്ച് പോളിസിയില്‍ തുടരാന്‍ ഉള്ള അവസരം നല്‍കുക.

പ്രവാസികളുടെ ബോഡി റിപ്പാര്‍ട്ട്രിയേഷന്‍ സമയത്ത് മരിച്ച ആളുടെ തൊട്ടടുത്ത പ്രദേശത്ത് ഉള്ള ആംബുലന്‍സ് തന്നെ അനുവദിക്കുക. ബന്ധുക്കള്‍ നിലവില്‍ മൃതദേഹം സ്വീകരിക്കാന്‍ സ്വന്തം ചിലവില്‍ ആയിരങ്ങള്‍ മുടക്കി എയര്‍പോര്‍ട്ടില്‍ എത്തേണ്ട അവസ്ഥ ഉണ്ട്.

പ്രവാസികളുടെ പാസ്‌പോര്‍ട്ട് വിദേശത്ത് നിന്ന് പുതുക്കുമ്പോള്‍ നാട്ടിലെ പൊലീസ് വെരിഫിക്കേഷന്‍ മാസങ്ങളോളം വൈകുന്ന അവസ്ഥ ഉണ്ട്, അതിനുവേണ്ട നടപടി സ്വീകരിക്കുക. നോര്‍ക്ക കോള്‍ സെന്ററുകളില്‍ വിളിക്കുമ്പോ ഫോണ്‍ എടുക്കുന്നില്ല. കോള്‍സെന്ററുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക.

നോര്‍ക്ക ആവശ്യങ്ങള്‍ക്കായി ഒ.ടി.പി ഫോണിലും ഇമെയിലിലും ലഭ്യമാക്കുക. വിദേശ നമ്പറില്‍ കൂടി ഒ.ടി.പി ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുക. പ്രവാസികള്‍ക്ക് നാട്ടിലെ പൊലീസ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നോര്‍ക്ക പോലീസ് ഹോട്ട് ലൈന്‍ സ്ഥാപിക്കുക.

ക്രിട്ടിക്കല്‍ രോഗങ്ങള്‍ വന്നു അടിയന്തിരമായി നാട്ടില്‍ ചികിത്സക്ക് എത്തുന്ന പ്രവാസികള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് പരിശോധനകള്‍ നടത്താന്‍ ഉള്ള മുന്‍ഗണന ആനുകൂല്യം നടപ്പാക്കുക തുടങ്ങിയ അടിയന്തിര പരിഹാരമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

ബിഎംഡിഎഫ് ഭാരവാഹികളായ ബഷീര്‍ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീര്‍ പൊട്ടച്ചോല, ഫസലുല്‍ ഹഖ്, മന്‍ഷീര്‍ കൊണ്ടോട്ടി, മുനീര്‍ ഒറവക്കോട്ടില്‍, സക്കരിയ പൊന്നാനി, റസാഖ് പൊന്നാനി തുടങ്ങിയവരാണ് ശ്രീരാമ കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈന്‍ മലപ്പുറം ജില്ല ഫോറത്തിന് മലപ്പുറം ജില്ലക്കാരനായ അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!