മനാമ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച് മേയ് 17നും 31നുമിടയില്‍ രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബി.എ.സി.എ). എല്ലാ വര്‍ഷവും മേയ് 18നാണ് മ്യൂസിയം ദിനമായി ആചരിക്കുന്നത്.
‘വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മ്യൂസിയങ്ങളുടെ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 1977 ലാണ് ആദ്യമായി മ്യൂസിയം ദിനം ആചരിച്ചത്.
ആഗോളതലത്തില്‍ മ്യൂസിയങ്ങള്‍ നേരിടുന്ന വെല്ലുവിളികളെയും സമൂഹത്തിന്റെ വികസനത്തില്‍ അവ വഹിക്കുന്ന പങ്കിനെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും രാജ്യത്തിന്റെ സമ്പന്നമായ നാഗരികതയെ ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ബി.എ.സി.എ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ culture.gov.bh എന്ന വെബ്‌സൈറ്റിലും ബി.എ.സി.എയുടെ സോഷ്യല്‍ മീഡിയയിലും ലഭ്യമാണ്.