മനാമ: ബഹ്റൈനില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഗുദൈബിയ ആസ്ഥാനമായുള്ള ഒരു ട്രാവല്‍ ഏജന്‍സിയാണ് തടിപ്പ് നടത്തിയതെന്ന് ‘ദി ഡെയ്ലി ട്രിബ്യൂണ്‍’ റിപ്പോര്‍ ചെയ്യുന്നു. ഏഷ്യന്‍, യൂറോപ്യന്‍ നഗരങ്ങള്‍ വഴി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
‘മിനി-വെക്കേഷന്‍’ സ്റ്റോപ്പ് ഓവര്‍ പാക്കേജാണ് ട്രാവല്‍ ഏജന്‍സി വാഗ്ദാനം ചെയ്തത്. രാജ്യത്തുടനീളമുള്ള തിരക്കേറിയ മാളുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. നൂറോളം പേര്‍ തട്ടിപ്പിനിരയായി. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് ബുക്ക് ചെയ്ത ഒരാള്‍ക്ക് 500 ദിനാര്‍ നഷ്ടമായി.
ഗുദൈബിയ ഓഫീസ് അടച്ചുപൂട്ടിയെന്നും കമ്പനിയുടെ വാണിജ്യ രജിസ്‌ട്രേഷന്‍ ജൂണില്‍ അവസാനിക്കുമെന്നും തട്ടിപ്പിന് ഇരയായയാള്‍ പറഞ്ഞു. സീഫിലെ ഹോട്ടലുകളില്‍ കോണ്‍ഫറന്‍സ് ഹാളുകള്‍ വാടകയ്ക്കെടുത്തായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം.
”ഇതൊരു യഥാര്‍ത്ഥ ഓഫറാണെന്ന് ഞങ്ങള്‍ കരുതി. സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ സ്റ്റോപ്പ് ഓവറുകള്‍ ഉള്‍പ്പെടെ വിമാന ടിക്കറ്റുകളും ആഡംബര ഹോട്ടലുകളില്‍ താമസവും അവര്‍ വാഗ്ദാനം ചെയ്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏത് സമയത്തും യാത്ര ചെയ്യാമെന്നും അവര്‍ പറഞ്ഞു. കുടുംബങ്ങളുള്ള ആളുകളായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. വ്യത്യസ്ത സ്ഥലങ്ങളിലേക്ക് വ്യത്യസ്ത നിരക്കുകളും അവര്‍ ഈടാക്കി.’, തട്ടിപ്പിന് ഇരയായയാള്‍ പറഞ്ഞു
‘സിംഗപ്പൂര്‍-മലേഷ്യ-ഇന്ത്യ എന്നിങ്ങനെയാണ് ഞാന്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്തത്. പിന്നീട് വിസ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ് യാത്ര മാലിദ്വീപ് വഴിയാക്കി. ഈ ആഴ്ച ആരംഭിക്കേണ്ട യാത്രയ്ക്ക് ടിക്കറ്റുകളൊന്നും ലഭിച്ചില്ല. ഏജന്‍സിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളുകള്‍ക്ക് മറുപടി ലഭിച്ചില്ല. അവര്‍ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ച് രാജ്യം വിട്ടു എന്നാണ് തോന്നുന്നത്. ഹോട്ടല്‍ ജീവനക്കാരോട് സംസാരിച്ചപ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷമായി ട്രാവല്‍ കമ്പനി ആഴ്ചയിലെ എല്ലാ ദിവസവും കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ ഈ പ്രവര്‍ത്തനം നടത്തി ആളുകളെ നിരന്തരം കബളിപ്പിച്ചു.’, അദ്ദേഹം പറഞ്ഞു.
”സീഫിലെ ഹോട്ടലുകളില്‍ അവര്‍ കോണ്‍ഫറന്‍സ് ഹാളുകള്‍ വാടകയ്ക്കെടുത്തു. ഭാഗ്യ നറുക്കെടുപ്പില്‍ വിജയിച്ചതായി വിശ്വസിപ്പിച്ച് കുടുംബങ്ങളെ കൂട്ടത്തോടെ ഇവിടെ എത്തിച്ചു. ഇഎംഐ പേയ്മെന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തതിനാല്‍ ആളുകളെ ഈ ഇടപാടില്‍ പെട്ടെന്ന് ആകൃഷ്ടരായി”, അദ്ദേഹം പറഞ്ഞു. തട്ടിപ്പിനെതിരേ പോലീസിലും തവാസുലിലും വ്യവസായ വാണിജ്യ മന്ത്രാലയത്തിലും പരാതി നല്‍കിയിട്ടുണ്ട്.