മനാമ: ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് എക്സലന്‍സ് സൂചികയില്‍ മെന, ജിസിസി മേഖലകളില്‍ ഒന്നാമതെത്തി ബഹ്റൈന്‍. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഗുണനിലവാരത്തിനായുള്ള ആഗോള മാനദണ്ഡമാണ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് എക്സലന്‍സ് സൂചിക.
മികച്ച 4G/5G ലഭ്യത, ഡൗണ്‍ലോഡ് വേഗത, നെറ്റ്‌വര്‍ക്ക് ഗുണനിലവാരം എന്നിവ ബഹ്റൈനെ അംഗീകാരത്തിന് അര്‍ഹമാക്കിയെന്ന് സ്വതന്ത്ര അനലിറ്റിക്സ് കമ്പനിയായ ഓപ്പണ്‍ സിഗ്‌നല്‍ അഭിപ്രായപ്പെട്ടു.
നെറ്റ്‌വര്‍ക്ക് നവീകരണത്തെ പരിപോഷിപ്പിക്കുകയും ഉയര്‍ന്ന സേവന നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടര്‍ ഫിലിപ്പ് മാര്‍നിക് പറഞ്ഞു.
‘ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ലോകോത്തര സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമാക്കുന്ന മത്സരാധിഷ്ഠിതവും നൂതനവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ എപ്പോഴും മുന്നിലായിരിക്കാന്‍ ഞങ്ങളെ നയിച്ച ഭരണാധികാരികളായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും, ഡിജിറ്റല്‍ നേതാവെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഉറപ്പിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ദര്‍ശനവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നില്ല.’, ഫിലിപ്പ് മാര്‍നിക് പറഞ്ഞു.