മനാമ: സ്വകാര്യ വസ്ത്രങ്ങള്‍ പുറത്തേക്ക് പ്രദര്‍ശിപ്പിച്ച് വില്‍പന നടത്തരുതെന്ന നിര്‍ദേശവുമായി മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍. ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായി അംഗീകരിച്ചു. പൊതു മര്യാദയുടെ ലംഘനമായാണ് ഇതിനെ കാണുന്നതെന്നാണ് വിശദീകരണം.
ഇത്തരം വസ്ത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കടകള്‍ എവിടെയാണെന്നും അറിയാം. അതുകൊണ്ട് എല്ലാവരും കാണുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്ന് അബ്ദുല്‍ അസീസ് അല്‍ നാര്‍ പറഞ്ഞു. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണ് ഇത്തരം പ്രദര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരത്തെ ബാധിക്കാതെ പൊതുമാന്യത നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അല്‍ നാര്‍ പറഞ്ഞു.
നിര്‍ദേശം തുടര്‍ അനുമതികള്‍ക്കായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റുവിന് സമര്‍പ്പിച്ചിട്ടുണ്ട്. അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല, പകരം പൊതു ഇടങ്ങളോടുള്ള വിവേചനാധികാരവും ബഹുമാനവും മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അല്‍ നാര്‍ കൂട്ടിച്ചേര്‍ത്തു.