മനാമ: കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ ഭവന, പൊതുസ്ഥല, നഗര ശുചിത്വ ലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യം. ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് സര്‍വീസസ് ആന്‍ഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയര്‍വുമണ്‍ ഹുദ സുല്‍ത്താനാണ് ഈ ആവശ്യം ഉന്നയിച്ചത്.
നയിം, റാസ് റുമാന്‍, ഓള്‍ഡ് മനാമ സൂഖ്, ബര്‍ഹാമ, സുവൈഫിയ, ഗുഫൂള്‍, സാല്‍ഹിയ എന്നിവിടങ്ങളിലെ പൊതു ഇടങ്ങളുടെ മോശം അവസ്ഥ, ഭവന ലംഘനങ്ങള്‍, നഗര ശുചിത്വം എന്നിവയെക്കുറിച്ചാണ് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അടിയന്തര ആശങ്കകള്‍ ഉന്നയിച്ചത്.
അവഗണിക്കപ്പെട്ട പാര്‍ക്കുകള്‍, അനധികൃത റോഡ് കൈവശപ്പെടുത്തല്‍, ഭവന ലംഘനങ്ങള്‍, നഗര ശോഷണം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന പ്രശ്‌നങ്ങള്‍ കമ്മിറ്റി ചെയര്‍വുമണ്‍ ഹുദ സുല്‍ത്താന്‍ എടുത്തുപറഞ്ഞു. റാസ് റുമാന്‍, ഗുഫൂള്‍ പാര്‍ക്കുകള്‍ നവീകരിക്കണമെന്നും ഹുദ സുല്‍ത്താന്‍ ആവശ്യപ്പെട്ടു.
301, 302, 305, 356 ബ്ലോക്കുകളിലെ നിയമവിരുദ്ധ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പൊതു സുരക്ഷാ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ക്രമസമാധാനം പുനസ്ഥാപിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ മന്ത്രിതല സഹകരണം ബോര്‍ഡ് ആവശ്യപ്പെട്ടു.