കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള ആറു പേരുടെ രക്ത പരിശോധനയിൽ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് വ്യക്തമാക്കി. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്.
ആറ് പേര്‍ക്ക് നിപ ഇല്ലെന്ന പരിശോധനഫലം ഏറെ ആശ്വാസകരമാണെന്നും ആശങ്കയൊഴിഞ്ഞു എന്ന് പറയാനാവും, എന്നാല്‍ നിപ ഒഴിഞ്ഞെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമായി പറയാനാവുകയുള്ളൂ. ആശങ്കയൊഴിഞ്ഞാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് ഇതേവരെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടുകഴിഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗെഡ പറഞ്ഞു. ഇതില്‍ 55 പേരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്‌ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും പെടുത്തി നിരീക്ഷണം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നിപയുടെ ഉറവിട പരിശോധനയ്ക്കുള്ള പ്രത്യേക സംഘം ഇന്ന് മുതല്‍ വിവിധ മേഖലകളില്‍ പരിശോധന നടത്തും. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നിന്നുള്ള സംഘം പറവൂരിലെത്തി. ഈ പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയ ഇടങ്ങള്‍, സമീപ പ്രദേശങ്ങളിലെ പന്നി ഫാമുകള്‍ എന്നിവിടങ്ങളിലാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നിപ ഉറവിടം തേടിയുള്ള പരിശോധന നടത്തുന്നത്.