മനാമ: ബ്രിട്ടനിലെ വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുത്ത് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. ബഹ്‌റൈന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് ബ്രിട്ടനില്‍ എന്‍ഡ്യൂറന്‍സ് റേസ് സംഘടിപ്പിച്ചത്.
മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയല്‍ എന്‍ഡ്യൂറന്‍സ് ടീമിന്റെ ക്യാപ്റ്റനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനും യുവജന, കായിക സുപ്രീം കൗണ്‍സില്‍ ഒന്നാം വൈസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ്റേസിങ് ക്ലബ് സുപ്രീം കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്നാണ് ഹമദ് രാജാവിനെ വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്ക് ഗ്രൗണ്ടില്‍ സ്വീകരിച്ചത്.
എഡിബര്‍ഗ് രാജാവ് പ്രിന്‍സ് എഡ്വേര്‍ഡ്, ബ്രിട്ടനിലെ മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയില്‍ പങ്കെടുത്തു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ദേയമായ ഈ കായിക വിനേദത്തെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ ശൈഖ് നാസര്‍ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെയും, അന്തര്‍ദേശീയ മത്സരങ്ങളില്‍ ബഹ്‌റൈന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിലുള്ള റോയല്‍ ഇക്വസ്ട്രിയന്‍ ആന്‍ഡ് എന്‍ഡുറന്‍സ് ഫെഡറേഷന്റെ പങ്കിനെയും ഹമദ് രാജാവ് പ്രശംസിച്ചു.
ബ്രിട്ടനിലെത്തിയ ഹമദ് രാജാവിനെ രാജാവ് ചാള്‍സ് മൂന്നാമന്റെ പ്രതിനിധി ലോര്‍ഡ് ക്ലോഡ് മൊറേസ്, യുനൈറ്റഡ് കിംഗ്ഡത്തിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബഹ്റൈന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വാഗതം ചെയ്തിരുന്നത്.