മനാമ: മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏഷ്യന്‍ ഒളിമ്പിക് കമ്മിറ്റികളില്‍നിന്നുള്ള പ്രതിനിധിസംഘങ്ങളുടെ തലവന്‍മാരുടെ യോഗം മനാമയില്‍ ചേര്‍ന്നു. ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കുഹേജി, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വിനോദ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഒക്ടോബര്‍ 22 മുതല്‍ 31 വരെയാണ് ഏഷ്യന്‍ യൂത്ത് ഗെയിംസ് നടക്കുക. 42 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 3500ലധികം അത്‌ലറ്റുകള്‍ 31 ഉപവിഭാഗങ്ങളിലായി 24 കായിക ഇനങ്ങളില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മിക്‌സഡ് ടീമുകള്‍ക്കുമായി ആകെ 253 ഇനങ്ങളുണ്ട്. ഇസ സ്‌പോര്‍ട്സ് സിറ്റി, ഖലീഫ സ്‌പോര്‍ട്സ് സിറ്റി, എക്സിബിഷന്‍ വേള്‍ഡ് ബഹ്‌റൈന്‍, എന്‍ഡുറന്‍സ് വില്ലേജ്, സാമ ബേ എന്നിവയുള്‍പ്പെടെയുള്ള വേദികളില്‍ മത്സരങ്ങള്‍ നടക്കും.
ദമ്മാമിലെ പരിശീലന ക്യാമ്പുകള്‍ ഉള്‍പ്പെടെ അത്ലറ്റുകളുടെ വരവിനെ സഹായിക്കുന്നതിനായി മെച്ചപ്പെട്ട സൈന്‍ ഏജ്, ബാഗേജ് ട്രാക്കിങ്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍, ലോജിസ്റ്റിക്‌സ് സഹായം എന്നിവ ഉണ്ടാകുമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ യൂസുഫ് ദുഐജ് പറഞ്ഞു. സൗകര്യപ്രദമായ താമസ സൗകര്യങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താമസ സൗകര്യം, ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് എന്നിവയും ഉണ്ടാകും.