മനാമ: പ്രവാസികളെ വിവാഹം കഴിച്ച ബഹ്റൈനി സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ബഹ്റൈന്‍ പൗരത്വം നല്‍കാനുള്ള നിര്‍ദേശം വീണ്ടും പരിഗണനയില്‍. 1965 ലെ വിദേശികളുടെ (കുടിയേറ്റവും താമസവും) നിയമം പരിഷ്‌കരിക്കുന്നതിനുള്ള നീക്കങ്ങള്‍ ദേശീയ അസംബ്ലിയുടെ വേനല്‍ അവധിക്കാലത്ത് ഗൗരവമായി പരിഗണിക്കുമെന്ന് പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ എംപി ഹസ്സന്‍ ബുഖാമസ് പറഞ്ഞു.
കുട്ടികള്‍ക്ക് ബഹ്റൈനി പദവി നേടുന്നതിന് സാധ്യമായ ഭേദഗതികള്‍ പരിശോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി തന്റെ കമ്മിറ്റി ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് ബുഖാമസ് പറഞ്ഞു. ഗുദൈബിയയിലെ അസംബ്ലി സമുച്ചയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.