മനാമ: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്റൈന്‍ പ്രതിഭ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡന്റ് ബിനു മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരന്‍ സുബ്രഹ്‌മണ്യന്‍ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എന്‍.വി ലിവിന്‍ കുമാര്‍ രാഷ്ട്രീയ വിശദീകരണവും നടത്തി.
കേരളീയരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ.കെ നായനാര്‍ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തില്‍ ഉള്‍പ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രധാന പദ്ധതികളായ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം, രാജ്യത്തെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക്, ജനകീയാസൂത്രണം, മാവേലി സ്റ്റോറുകള്‍ തുടങ്ങിയ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തില്‍ നിരന്‍ സുബ്രഹ്‌മണ്യന്‍ ചൂണ്ടിക്കാട്ടി.
ലോകം വിവിധ തരത്തിലുള്ള സാമ്പത്തികവും സൈനികവുമായ യുദ്ധഭീഷണികളിലൂടെ കടന്നു പോവുകയാണെന്നും ഏതൊരു യുദ്ധവും ഒഴിവാക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യര്‍ക്ക് സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം പ്രാപ്യമാകൂ എന്നും അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുടെ പേരില്‍ ആരംഭിച്ച വ്യാപാര യുദ്ധത്തിന് താല്‍ക്കാലികമായ ഒരു വിരാമം ഉണ്ടായത് എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥക്ക് ആശ്വാസമേകുന്ന ഒന്നാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തില്‍ എന്‍.വി ലിവിന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം മാത്രം സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങള്‍ ചിലവഴിച്ചത് 2.46 ട്രില്യണ്‍ ഡോളര്‍ ആണെന്നും ഈ തുക സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്തു രാജ്യങ്ങളില്‍ പലതിന്റെയും ജിഡിപിയേക്കാള്‍ ഉയര്‍ന്ന തുകയാണ് എന്നും രാഷ്ട്രീയ വിശദീകരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മുഴുവന്‍ ജനസാമാന്യത്തെയും ഒരു പോലെ ചേര്‍ത്ത് നിര്‍ത്താന്‍ ഉള്ള നയപരിപാടികളും സമീപനവും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഫെഡറലിസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുവഴി സംസ്ഥാനങ്ങള്‍ക്ക് ന്യായമായ അവകാശങ്ങള്‍ സാധ്യമാകണമെന്നും രാഷ്ട്രീയവിശദീകരണത്തില്‍ എടുത്തു പറഞ്ഞു.
കേരള സര്‍ക്കാര്‍ നടത്തിവരുന്ന എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെന്നും അതിന് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ടെന്നും ഇ.കെ നായനാരെ പോലുള്ള ജനകീയ നേതാക്കളുടെ ഓര്‍മ്മകള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകേണ്ടതുണ്ടെന്നും ലിവിന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.