മനാമ: സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. താനും മൂന്ന് സഹോദരിമാരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി ഒരു പെണ്‍കുട്ടി സാമൂഹിക മാധ്യമങ്ങളില്‍ ഒരു ശബ്ദരേഖ പങ്കുവെച്ചിരുന്നു. വ്യാപകമായി പ്രചരിക്കുന്ന ഈ ക്ലിപ്പില്‍, സഹോദരങ്ങള്‍ക്കൊപ്പം താന്‍ അനുഭവിച്ച പീഡനങ്ങള്‍ പെണ്‍കുട്ടി വിവരിക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ മാതാവിന്റെ ആണ്‍സുഹൃത്താണ് പീഡനത്തിനിരയാക്കിയത്. പീഡനവിവരം മാതാവിന് അറിയാമായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. മാതാവിനെയും ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളുടെ പിതാവ് അവരുടെ അമ്മയ്ക്കെതിരെ മുമ്പ് അഞ്ച് പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ സമാനമായ ആരോപണങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പിതാവില്‍ നിന്നും കുട്ടികളില്‍ നിന്നും മൊഴികള്‍ എടുത്തിട്ടുണ്ട്.
തങ്ങളെ ചെറുപ്പത്തില്‍ പീഡിപ്പിച്ച ഒരു പുരുഷനെ തങ്ങളുടെ മാതാവ് അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നുവെന്നും പിന്നീട് അയാള്‍ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തി നിശബ്ദയാക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. അവര്‍ അനുഭവിച്ച ദുരിതത്തിന്റെ ഫലമായി ഒരു സഹോദരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.