മനാമ: തലസ്ഥാനത്ത് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയിരുന്ന യുവതി അറസ്റ്റില്‍. വ്യാജ ഐഡന്റിന്റിയിലായിരുന്നു യുവതി ഇവിടെ താമസിച്ചിരുന്നത്. ഒളിച്ചോടിയ വീട്ടുജോലിക്കാരെ നിയമവിരുദ്ധമായി താമസിപ്പിച്ച് അവരെ തൊഴില്‍ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു യുവതി ചെയ്തിരുന്നത്.
ഒളിച്ചോടിയ വീട്ടുജോലിക്കാരുടെ ‘രക്ഷക’ എന്നറിയപ്പെടുന്ന യുവതി, മെച്ചപ്പെട്ട ജോലി അവസരങ്ങള്‍, പാര്‍പ്പിടം, ഭക്ഷണം, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്താണ് വീട്ടുജോലിക്കാരെ ആകര്‍ഷിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചത്.
അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധ തൊഴിലാളിയെ കണ്ടെത്തി. പ്രതിയുടെ സഹായത്തോടെ അവര്‍ അടുത്തിടെ തന്റെ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതാണെന്ന് മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം പറഞ്ഞു.
നിയമവിരുദ്ധ തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന വീടുകളില്‍ നിന്നും കമ്മീഷനായി 35 ദിനാര്‍ ഈടാക്കുകയും തൊഴിലാളികളെ കൊണ്ടുപോകുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5 ദിനാര്‍ വീതം നല്‍കുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
നാലു വര്‍ഷം മുമ്പ് ബഹ്റൈനില്‍ എത്തിയ പ്രതി വീടുകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത ശേഷം മനുഷ്യകടത്ത് പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ദുര്‍ബലരായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ പ്രവര്‍ത്തനം.