മനാമ: ബഹ്റൈനിലെ പൊതു റോഡുകളില്‍ ടുക്-ടുക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍. എംപിമാരായ ഖാലിദ് ബു ഓങ്ക്, അഹമ്മദ് അല്‍-സല്ലൂം, ഹിഷാം അല്‍-അവാദി എന്നിവരാണ് അപകടസാധ്യതകളെ മുന്‍നിര്‍ത്തി നിരോധനം ആവശ്യപ്പെട്ടത്.
ദിയാര്‍ അല്‍ മുഹറഖ് പ്രദേശത്ത് ഒരു സ്ത്രീ ടുക്-ടുക്ക് ഓടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാരുടെ നീക്കം. ടുക്-ടുക്കുകള്‍ പൊതുജന സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നുവെന്ന് എംപിമാര്‍ പറഞ്ഞു.
സീറ്റ് ബെല്‍റ്റുകള്‍, മതിയായ ലൈറ്റിംഗ്, സിഗ്‌നല്‍ സംവിധാനങ്ങള്‍ തുടങ്ങിയ അവശ്യ സുരക്ഷാ സവിശേഷതകള്‍ ഈ വാഹനങ്ങള്‍ക്ക് ഇല്ലെന്നും ആധുനിക ഗതാഗത സംവിധാനങ്ങള്‍ക്ക് ഇണങ്ങുന്ന രൂപകല്‍പ്പനയല്ല വാഹനത്തിനുള്ളതെന്നും എം.പിമാര്‍ പറഞ്ഞു.
ലൈസന്‍സില്ലാത്ത ടുക്-ടുക്കുകളെ കണ്ടെത്താന്‍ ബഹ്റൈനിലുടനീളം ഫീല്‍ഡ് കാമ്പയ്നുകള്‍ ശക്തമാക്കണമെന്ന് എംപിമാര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനോട് ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്കോ പൊതു സുരക്ഷ അപകടത്തിലാകുമ്പോഴോ പിഴ ചുമത്തുക, വാഹനങ്ങള്‍ പിടിച്ചെടുക്കുക ഉള്‍പ്പെടെയുള്ള കര്‍ശനമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.